This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോഡിയസ് ബുക്കാനന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലോഡിയസ് ബുക്കാനന്‍

Claudius Buchanan (1766 - 1815)

ഇന്ത്യയില്‍ പ്രൊട്ടസ്റ്റന്റു മതത്തിന്റെ ആദ്യകാലപ്രവര്‍ത്തകരിലൊരാള്‍. ഗ്ലാസ്ഗോയുടെ പ്രാന്തപ്രദേശത്തുള്ള ക്യാമ്പസ്ലാങ്ങില്‍ 1766 മാ. 12-ന് ജനിച്ചു. ബുക്കാനന്റെ പിതാവും അധ്യാപകനുമായിരുന്ന അലക്സാണ്ടര്‍ ബുക്കാനന്റെ മേല്‍നോട്ടത്തിലായിരുന്നു ബാല്യകാല പഠനം നടന്നത്. ഗ്ലാസ്ഗോ സര്‍വകലാശാലയിലെ വിദ്യാഭ്യാസത്തിനുശേഷം പ്രസ്ബിറ്റേറിയന്‍ സഭയില്‍ പുരോഹിതനാകണമെന്നതായിരുന്നു ആഗ്രഹമെങ്കിലും ലണ്ടനിലെ ഒരു വക്കീലിന്റെ കീഴില്‍ തുച്ഛമായ വേതനത്തിനു പണിയെടുക്കേണ്ടിവന്നു. നാലു കൊല്ലത്തിനുശേഷം കേംബ്രിജില്‍ വേദശാസ്ത്രപഠനത്തിനു ചേര്‍ന്നു. 1795-ല്‍ ഉന്നതബിരുദങ്ങള്‍ നേടിയ ക്ലോഡിയസ് ആംഗ്ലിക്കന്‍ സഭയുടെ ഡീക്കനായി. ഒരു വര്‍ഷത്തിനുശേഷം കൊല്‍ക്കത്തയിലെ ചാപ്ളനായി പോകുന്നതിനുമുമ്പ് വൈദികപട്ടവും സ്വീകരിക്കുകയുണ്ടായി. ബംഗാളില്‍ റവ. ഡേവിഡ് പ്രൗണിന്റെ അതിഥിയായി താമസമാരംഭിച്ചുവെങ്കിലും സഭയുടെ നിസ്സഹായാവസ്ഥയില്‍ ഇദ്ദേഹം പരിതപിച്ചു. ഇവിടെ ഈസ്റ്റിന്ത്യാക്കമ്പനിക്കാരുടെ ആധ്യാത്മികാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ക്കവിഞ്ഞ് ജോലിയൊന്നും ബുക്കാനന് ചെയ്യേണ്ടിയിരുന്നില്ല. കമ്പനിക്കാരല്ലാത്ത ബ്രിട്ടീഷ് പ്രോട്ടസ്റ്റന്റ് സഭാംഗങ്ങള്‍ അന്ന് ഇടയനില്ലാത്ത ആടുകള്‍ക്കു തുല്യരായിരുന്നു. ഒരു ആംഗ്ളിക്കന്‍ മെത്രാന്റെ അഭാവം ജനങ്ങള്‍ക്കു വളരെയേറെ അനുഭവപ്പെട്ടു.

ഏതാനും നാളുകള്‍ക്കുശേഷം സഭാധികാരികള്‍ ബുക്കാനനെ ബാരക്ക്പൂരില്‍ ഈസ്റ്റിന്ത്യാക്കമ്പനിയംഗങ്ങളുടെ ചാപ്ലനായി നിയോഗിച്ചു. അവിടെ ബൈബിള്‍ പഠനത്തില്‍ ഇദ്ദേഹം വ്യാപൃതനായി. കാലാന്തരത്തില്‍ വെല്ലസ്ലി പ്രഭു സ്ഥാപിച്ച ഫോര്‍ട്ടുവില്യം കോളജിന്റെ ഉപഭരണാധിപനായി ബുക്കാനന്‍ അവരോധിക്കപ്പെട്ടു. ഈ ഔദ്യോഗികപദവിക്കിടയില്‍ മതപ്രചാരണവും ഇന്ത്യന്‍ ജനതയുടെ വിദ്യാഭ്യാസപുരോഗതിയുമായിരുന്നു ഇദ്ദേഹത്തിന്റെ ദ്വിമുഖലക്ഷ്യങ്ങള്‍. ഉദാത്തമായ ഈ ആശയങ്ങളുടെ പ്രായോഗികതയെ ലാക്കാക്കി ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ വിശേഷിച്ച് തഞ്ചാവൂര്‍, തിരുച്ചിറപ്പിള്ളി, മധുര, തിരുവിതാംകൂര്‍, കൊച്ചി തുടങ്ങിയ പ്രദേശങ്ങളില്‍ ഇദ്ദേഹം പര്യടനം നടത്തി.

1808-ല്‍ ഇന്ത്യയിലെ പതിനൊന്നുവര്‍ഷത്തെ വിവിധ തസ്തികകളിലുള്ള സേവനത്തിനുശേഷം ബുക്കാനന്‍ ഇംഗ്ളണ്ടിലേക്കു മടങ്ങിപ്പോയി. കേരളീയരെ സംബന്ധിച്ചിടത്തോളം വേദപുസ്തകമായ പുതിയനിയമം മലയാളത്തിലേക്കു തര്‍ജുമ ചെയ്ത് ക്രിസ്തീയ സാഹിത്യത്തെ പരിപോഷിപ്പിച്ചു. ഹിന്ദുമതത്തിന്റെ നേര്‍ക്കുള്ള ഇദ്ദേഹത്തിന്റെ സമീപനം വിമര്‍ശനവിധേയമായി. ഇതിന്റെ അലയടി ബ്രിട്ടീഷ് പാര്‍ലമെന്റിലും ഉയര്‍ന്നു.

ഗ്ലാസ്ഗോ, കേംബ്രിജ് തുടങ്ങിയ സര്‍വകലാശാലകള്‍ ഡോക്ടര്‍ ഒഫ് ഡിവിനിറ്റി ബിരുദം നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇദ്ദേഹം ഹെര്‍ട്ടുഫോര്‍ഡ്ഷെയറിലെ ബോക്സ്ബോബില്‍ 1815 ഫെ. 5-ന് അന്തരിച്ചു.

(ഫാദര്‍ ലൂയിസ് റോച്ച്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍